Friday, February 3, 2012

11 June 2004

കുട്ടനാട്ടിലെ മഴ ക്രൂരമായാണ്‌ പെയ്യുന്നതെന്ന് ഓര്‍ക്കുകയായിരുന്നു.
മഴയുടെ 'കാലദേശ' വൈവിധ്യത്തെക്കുറിച്ച് സീതാംഗോളിയിലിരുന്നു്‌ ചിന്തിക്കുമ്പോള്‍
ഇവിടെയെന്താണ്‌ ?
മാങ്ങോടെന്താണ്‌ !

എനിക്ക് ചിരപരിചിതമായ സ്ഥലങ്ങള്‍ കുറവാണ്‌.
ഞാന്‍ 24 കൊല്ലം ജീവിച്ചെങ്കിലും എന്റെ നിരീക്ഷണം എത്ര ശുഷ്കം.

എവിടെയോ ഒരു തേങ്ങല്‍ പോലെ മഴ.
എടത്വായില്‍ നിന്നും പോച്ചയിലേയ്ക്ക് നടക്കുമ്പോള്‍ കാറ്റുപിടിച്ച തെങ്ങുകള്‍ക്കിടയിലൂടെ
നിറഞ്ഞ പാടങ്ങളിലേയ്ക്ക് മഴ വീഴുകയായിരിക്കും.
അപ്പോള്‍ ചെറിയ തോണിയും തുഴയും മാത്രമാകുന്നു പാടത്ത്...

വെള്ളപ്പൊക്കം...നാശം പിടിച്ച മഴ...
പിന്നെ ചേറില്‍ കാലൂന്നിയ നടത്തവും സഹിക്കവയ്യ.

വേനല്‍ക്കാലത്തൊരു മഴയുണ്ട്.
ഞാറൊക്കെ നട്ട് നെല്ലു വിളഞ്ഞു കിടക്കുന്ന പാടങ്ങളിലേയ്ക്ക്...

അപ്പോള്‍ അപ്പാപ്പന്‍ പറയും, നശിച്ച മഴ; കാറ്റും.

മുറ്റത്തു വീണുകിടക്കുന്ന മാവിലകളും കണ്ണിമാങ്ങകളും...ഞാന്‍ മഴ കണ്ട്
ആസ്വദിക്കുമ്പോള്‍ അപ്പുറത്ത്‌ തേങ്ങല്‍...
ഒരു കണ്ടം നെല്ല് മൊത്തം പോയി.

സീതാംഗോളിയിലെ മഴയ്ക്ക് ഒരേ ഭാവമാണ്‌ എപ്പോഴും.
കാറ്റിന്റെ കൂട്ടുപിടിച്ച് അട്ടഹസിച്ചാണ്‌ വരിക.
അതിക്രൂര മഴ.

എങ്കിലും എന്റെ നാട്ടില്‍ കര്‍ക്കിടകത്തില്‍ പെയ്യുന്ന മഴ പോലെ
മറ്റൊന്ന് ഞാനിതു വരെ ആസ്വദിച്ചിട്ടില്ല.
കുട്ടിക്കാലത്തെ മഴ.

9 June 2004

ചില കാര്യങ്ങള്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്.
ജീവിത ബന്ധങ്ങളെ ഞാന്‍ അഴകോടെയാണ്‌ വീക്ഷിക്കുന്നത്.
എന്നിട്ടും (ഞാനെന്ന്) അഹങ്കരിക്കാത്തവര്‍ക്ക്
ജീവിതമില്ലെന്ന് അവരെന്നോടു പറഞ്ഞു.
ദേശത്തിലുള്ള അഹങ്കാരം..
വസ്തുക്കളിലുള്ളത്..

കഴുത്തിരിക്കുന്നിടത്തേയ്ക്ക് ജലവിതാനം ഉയരുമ്പോള്‍
നാം എന്തിനെക്കുറിച്ചാണ്‌ വ്യാകുലപ്പെടുന്നത്.
നമ്മുടെ കാലുകള്‍ സ്വതന്ത്രമല്ലല്ലോ.
അതു മറ്റുള്ളവരോടുള്ള വിശ്വാസത്തിന്റെ തടങ്കല്‍ പാളയങ്ങളില്‍ കെട്ടപ്പെട്ടിരിക്കുകയല്ലേ?
ജലവിതാനത്തെ ഭയന്ന് നമ്മള്‍ ഉയരാന്‍ ശ്രമിക്കുകയാണ്‌.
അതിനു ഒരിക്കലും കഴിയാറില്ലല്ലോ?

അപ്പോഴും നാം കാണാന്‍ വിധിക്കപ്പെടുകയല്ലേ...

നിസ്സഹായരായി ജലവിതാനത്തോട് പൊരുതി ചീഞ്ഞളിഞ്ഞ് കെട്ടുകളില്‍ നിന്ന് വേര്‍പെട്ട
നമ്മുടെ മുഖത്തേയ്ക്ക് ഒഴുകിയടുക്കുന്ന ശവങ്ങളെ.
അതു കണ്ട് കണ്‍നിറഞ്ഞ്, ശ്വസിച്ച് നാമും മരിക്കുന്നു.

ജലവിതാനമെന്നത് എന്റെ മിഥ്യാ സങ്കല്പമല്ല.
സ്പഷ്ടമായ ചിന്തയുടെ ഫലമാണ്‌.

29 മെയ്‌ 2004

ഇന്നലെകളുടെ ദൂരപരിധിയില്ലാത്ത സഞ്ചാരത്തില്‍
അലംഘനീയ നിയമങ്ങളുടെ വീര്‍പ്പുമുട്ടലുകളായിരുന്നു.
ഇന്നലെ, ഇന്ന്, ഇനി നാളെ.
എവിടെയോ ഉത്കണ്ട്ഃകളുടെ ഭാരം തകര്‍ത്തു കളിക്കുന്നു.
പരിക്ഷീണതയ്ക്ക് അറുതിയില്ല, അയവില്ല.
ശാലിനി പറഞ്ഞതു പോലെ ശരിക്കുമൊരു ഗാന്ധി.

ആലിയ ലോഡ്ജിനു മുകളില്‍ കോണ്‍ക്രീറ്റ്.
ഞാനവിടെ സൂപ്പര്‍ വൈസര്‍.
ചെറിയ തലവേദന.

ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു.
ഫലം കാഴ്ചകളായിരുന്നു.
'ഹസ്തരേഖാ ശാസ്ത്രം'
അവിടെ കൂടിക്കിടന്ന ചപ്പുചവറുകള്‍ക്കു മുന്‍പിലേയ്ക്ക് ഒരു ബാനര്‍ ഉയരുകയായിരുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആയുസ്സ്, വിവാഹം, പ്രേമം.
അതു വായിച്ചുകൊണ്ടിരിക്കെ എന്നില്‍ ഒരു കഥ വിരിഞ്ഞു വന്നു.