Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.

ഓ൪മ്മകള്‍

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

19 january 2004

ഓരോരുത്തരും അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സ്വന്തം ലാഭം മാത്രം നോക്കുന്നു. അതിനുവേണ്ടി ആരെയും എവിടെവച്ചും എങ്ങനെയും സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹം എത്രയോ കപടം.


മനുഷ്യ൯ അവന്‍റെ പുതിയ മുഖത്തിന് പേരിട്ടു. കച്ചവട മനസ്ഥിതി അഥവ ബിസിനസ്സ് മെന്‍റാലിറ്റി. അവിടെ ആ൪ക്കും ആരെയും സ്നേഹിച്ചു വഞ്ചിക്കാം.


അങ്ങനെയിരിക്കെ ഒരു കഥ വിരിഞ്ഞു.
കഴുത്തുളുക്കിയവന്റെ കരിക്കുദാനം.

കഴുത്തുളുക്കിയ ഒരാള്‍ ക്ഷീണം മാറ്റാന്‍ കരിക്ക് വാങ്ങുകയും സ്ട്രോ ഇല്ലാത്തതിനാല്‍ അതിലെ പോയ ഒരു ഭിക്ഷക്കാരനു കൊടുക്കുകയും ചെയ്തു. ഉളുക്കിയ കഴുത്തുമായി ശരീരം തിരിച്ചു നടന്ന അയാള്‍ സമൂഹത്തിന്റെ ദുരവസ്ഥകള്‍ കാണാന്‍ വിധിക്കപ്പെടുകയാണ്. നേരെ കഴുത്തുള്ളപ്പോള്‍ അയാള്‍ ഒന്നും കണ്ടതുമില്ല, കാണാന്‍ ശ്രമിച്ചതുമില്ല. തിരിച്ചു ലോഡ്ജിലെത്തിയപ്പോള്‍ ഒരു നഗര ചാനല്‍ 'വേറിട്ട പരിപാടി' എന്ന പേരില്‍ നഗരത്തിലെ ഫ്രെഷായിട്ടുള്ള ചിലത് കാണിക്കുന്നെന്ന് അറിഞ്ഞു. താന്‍ കണ്ട ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അയാള്‍ പ്രതീക്ഷിച്ചത്. അപ്പോള്‍ അതാ 'കഴുത്തുളുക്കിയവന്റെ കരിക്കുദാനം' എന്ന പേരില്‍ ക്യാമറ തന്റെ ചേഷ്ടകള്‍ ഒപ്പിയെടുത്തിരിക്കുന്നു.

വേദനയുടെ പാരമ്യത്തിലും അയാള്‍ക്ക്‌ ദു:ഖമോ നീരസമോ തോന്നിയില്ല.  ഒരുതരം ജഡത്വം.

29 june 2004


ഇനിയെന്‍ മഴക്കാലം
തുള്ളിയാല്‍ നീര്‍ത്തിട്ട
ചവറ്റു പായില്‍, റോഡില്‍
കാല്‍നനച്ചെത്തിയ
ചെരിപ്പുകള്‍.
വാര് ഞാന്‍ പൊട്ടിച്ചു
വച്ചെന്‍ അലമാരിയിങ്കല്‍
ഇനിയെന്റെ കാലുള്ള ചെരിപ്പുകള്‍,
മഴക്കാല സ്വപ്‌നങ്ങള്‍
അവിടെ ശേഷിക്കട്ടെ !!


ചില ചിന്തകള്‍ വളരെ നിര്മലമാണ്. അത്രയും തന്നെ  അപകടകരവും. ഇന്ന് ഞാന്‍ വേറിട്ട  വഴിയെ  ചിന്തിച്ചില്ല, വേറിട്ട വഴിയെ നടന്നതുമില്ല. 

Friday, February 3, 2012

11 June 2004

കുട്ടനാട്ടിലെ മഴ ക്രൂരമായാണ്‌ പെയ്യുന്നതെന്ന് ഓര്‍ക്കുകയായിരുന്നു.
മഴയുടെ 'കാലദേശ' വൈവിധ്യത്തെക്കുറിച്ച് സീതാംഗോളിയിലിരുന്നു്‌ ചിന്തിക്കുമ്പോള്‍
ഇവിടെയെന്താണ്‌ ?
മാങ്ങോടെന്താണ്‌ !

എനിക്ക് ചിരപരിചിതമായ സ്ഥലങ്ങള്‍ കുറവാണ്‌.
ഞാന്‍ 24 കൊല്ലം ജീവിച്ചെങ്കിലും എന്റെ നിരീക്ഷണം എത്ര ശുഷ്കം.

എവിടെയോ ഒരു തേങ്ങല്‍ പോലെ മഴ.
എടത്വായില്‍ നിന്നും പോച്ചയിലേയ്ക്ക് നടക്കുമ്പോള്‍ കാറ്റുപിടിച്ച തെങ്ങുകള്‍ക്കിടയിലൂടെ
നിറഞ്ഞ പാടങ്ങളിലേയ്ക്ക് മഴ വീഴുകയായിരിക്കും.
അപ്പോള്‍ ചെറിയ തോണിയും തുഴയും മാത്രമാകുന്നു പാടത്ത്...

വെള്ളപ്പൊക്കം...നാശം പിടിച്ച മഴ...
പിന്നെ ചേറില്‍ കാലൂന്നിയ നടത്തവും സഹിക്കവയ്യ.

വേനല്‍ക്കാലത്തൊരു മഴയുണ്ട്.
ഞാറൊക്കെ നട്ട് നെല്ലു വിളഞ്ഞു കിടക്കുന്ന പാടങ്ങളിലേയ്ക്ക്...

അപ്പോള്‍ അപ്പാപ്പന്‍ പറയും, നശിച്ച മഴ; കാറ്റും.

മുറ്റത്തു വീണുകിടക്കുന്ന മാവിലകളും കണ്ണിമാങ്ങകളും...ഞാന്‍ മഴ കണ്ട്
ആസ്വദിക്കുമ്പോള്‍ അപ്പുറത്ത്‌ തേങ്ങല്‍...
ഒരു കണ്ടം നെല്ല് മൊത്തം പോയി.

സീതാംഗോളിയിലെ മഴയ്ക്ക് ഒരേ ഭാവമാണ്‌ എപ്പോഴും.
കാറ്റിന്റെ കൂട്ടുപിടിച്ച് അട്ടഹസിച്ചാണ്‌ വരിക.
അതിക്രൂര മഴ.

എങ്കിലും എന്റെ നാട്ടില്‍ കര്‍ക്കിടകത്തില്‍ പെയ്യുന്ന മഴ പോലെ
മറ്റൊന്ന് ഞാനിതു വരെ ആസ്വദിച്ചിട്ടില്ല.
കുട്ടിക്കാലത്തെ മഴ.

9 June 2004

ചില കാര്യങ്ങള്‍ ഞാന്‍ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്.
ജീവിത ബന്ധങ്ങളെ ഞാന്‍ അഴകോടെയാണ്‌ വീക്ഷിക്കുന്നത്.
എന്നിട്ടും (ഞാനെന്ന്) അഹങ്കരിക്കാത്തവര്‍ക്ക്
ജീവിതമില്ലെന്ന് അവരെന്നോടു പറഞ്ഞു.
ദേശത്തിലുള്ള അഹങ്കാരം..
വസ്തുക്കളിലുള്ളത്..

കഴുത്തിരിക്കുന്നിടത്തേയ്ക്ക് ജലവിതാനം ഉയരുമ്പോള്‍
നാം എന്തിനെക്കുറിച്ചാണ്‌ വ്യാകുലപ്പെടുന്നത്.
നമ്മുടെ കാലുകള്‍ സ്വതന്ത്രമല്ലല്ലോ.
അതു മറ്റുള്ളവരോടുള്ള വിശ്വാസത്തിന്റെ തടങ്കല്‍ പാളയങ്ങളില്‍ കെട്ടപ്പെട്ടിരിക്കുകയല്ലേ?
ജലവിതാനത്തെ ഭയന്ന് നമ്മള്‍ ഉയരാന്‍ ശ്രമിക്കുകയാണ്‌.
അതിനു ഒരിക്കലും കഴിയാറില്ലല്ലോ?

അപ്പോഴും നാം കാണാന്‍ വിധിക്കപ്പെടുകയല്ലേ...

നിസ്സഹായരായി ജലവിതാനത്തോട് പൊരുതി ചീഞ്ഞളിഞ്ഞ് കെട്ടുകളില്‍ നിന്ന് വേര്‍പെട്ട
നമ്മുടെ മുഖത്തേയ്ക്ക് ഒഴുകിയടുക്കുന്ന ശവങ്ങളെ.
അതു കണ്ട് കണ്‍നിറഞ്ഞ്, ശ്വസിച്ച് നാമും മരിക്കുന്നു.

ജലവിതാനമെന്നത് എന്റെ മിഥ്യാ സങ്കല്പമല്ല.
സ്പഷ്ടമായ ചിന്തയുടെ ഫലമാണ്‌.

29 മെയ്‌ 2004

ഇന്നലെകളുടെ ദൂരപരിധിയില്ലാത്ത സഞ്ചാരത്തില്‍
അലംഘനീയ നിയമങ്ങളുടെ വീര്‍പ്പുമുട്ടലുകളായിരുന്നു.
ഇന്നലെ, ഇന്ന്, ഇനി നാളെ.
എവിടെയോ ഉത്കണ്ട്ഃകളുടെ ഭാരം തകര്‍ത്തു കളിക്കുന്നു.
പരിക്ഷീണതയ്ക്ക് അറുതിയില്ല, അയവില്ല.
ശാലിനി പറഞ്ഞതു പോലെ ശരിക്കുമൊരു ഗാന്ധി.

ആലിയ ലോഡ്ജിനു മുകളില്‍ കോണ്‍ക്രീറ്റ്.
ഞാനവിടെ സൂപ്പര്‍ വൈസര്‍.
ചെറിയ തലവേദന.

ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു.
ഫലം കാഴ്ചകളായിരുന്നു.
'ഹസ്തരേഖാ ശാസ്ത്രം'
അവിടെ കൂടിക്കിടന്ന ചപ്പുചവറുകള്‍ക്കു മുന്‍പിലേയ്ക്ക് ഒരു ബാനര്‍ ഉയരുകയായിരുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആയുസ്സ്, വിവാഹം, പ്രേമം.
അതു വായിച്ചുകൊണ്ടിരിക്കെ എന്നില്‍ ഒരു കഥ വിരിഞ്ഞു വന്നു.