Friday, October 29, 2010

03 ഏപ്രില്‍ 2004

അസഹ്യമായ വെയിലില്‍ മഴ കൊതിച്ച് നാവു ചുരുണ്ടുപോയി.
ഉച്ചക്ക് നാസറിച്ചയോടൊത്ത് വെട്ടുവഴിയിലൂടെ നടന്നു.
ഇലക്ട്രിസിറ്റി ബോര്‍ഡുകാരുടെ പാച്ചലും ലൈന്‍വലിയും.
ലൈനുകള്‍‌‍ക്കായി ആ മരത്തിന്റെ കൊമ്പും വെട്ടപ്പെടുകയാണ്. മാഞ്ഞു പോകുന്ന തണല്‍‌.
തണല്‍; ഉലയുന്ന കൊമ്പിനു താഴെ വളഞ്ഞ വെട്ടുവഴിയില്‍ കിടന്നു പിടയുകയാണ്. തണലിന്റെ മരണം. തണുപ്പിന്റെയും.
മരണത്തിനും ശവസംസ്കാരത്തിനുമായി ആകെ ഒറ്റ നിമിഷം മാത്രം!
ഇനി പുനര്‍‌ജനനത്തിനോ?
കാലങ്ങള്‍...
പലപ്പോഴും തണല്‍‌‌‌വിരിച്ചു നിന്ന മരങ്ങളുടെ സ്ഥാനത്ത് തണുപ്പിനെ തന്റെ ചുട്ടുപഴുത്ത ഗര്‍ഭപാത്രത്തില്‍ അട്ടിയിട്ടു സൂക്ഷിച്ച് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍.
അത് തണലിന്റെ പുനര്‍ജന്മ‌മാണോ?
ചോദ്യം മാത്രം.
ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.

Thursday, October 28, 2010

6 ഏപ്രില്‍ 2004

'വിഷുക്കണി'ക്കുവേണ്ടിയുള്ള രചന പാചകദശയിലാണ്.
ഞുറുക്കിത്തീരാത്ത ഇറച്ചിത്തുണ്ടങ്ങള്‍.
അരിഞ്ഞു തീരാത്ത പച്ചക്കറികള്‍.
ഒടുവില്‍ എല്ലാം നാരായണവചനം പോലെ ചക്കക്കറിയാവും.
ഉപ്പിടണോ പഞ്ചസാരയിടണോ എന്ന ശങ്കയിലാണു ഞാന്‍.
ഒരല്പം കയ്പുനീരായലോ?
ഒന്നിനും വയ്യ.
ഇപ്പോള്‍ എഴുത്തു തുടങ്ങിയിട്ടു രണ്ടുമണിക്കൂറിലേറെയായി.
കഥയുടെ ഒരുതാളു മറിഞ്ഞില്ല.
കവിത ഒരുവരി പോലും കുറുകിയില്ല.
തല്‍‌ഫലമായി ഞാന്‍ മാറിമറി ചിന്തിച്ചു.
എനിക്കു കഥയെഴതാനുള്ള കഴിവില്ല.
എനിക്കു കവിതയെഴുതാനുള്ള കഴിവില്ല.
ഇതൊക്കെ ഒരു ചോരത്തിളപ്പിന്റെ കാലമാണ്.
ഈ നേരങ്ങളില്‍ എന്തൊക്കെ തോന്നാം.
പക്ഷേ...
പ്രദീപ് സാറിനു വാക്കുകൊടുത്തില്ലേ.
ഞാന്‍ പണ്ടേതോ ഓട്ടോഗ്രാഫില്‍ എഴുതി.
"വാക്കിലൊതുക്കിയ സ്നേഹം
കീറപ്പഴന്തുണി പോലെ
എടുത്താലുമുടുത്താലും കീറും."
ഇങ്ങനെ നോക്കിയാല്‍ എന്താ ഒരു വിഷാദം.
എഴുതി നോക്കുക. അത്രതന്നെ.
സ്നേഹത്തിന്റെ കഥയും
മരണത്തിന്റെ കവിതയും എന്നില്‍ തിളച്ചു മറിയുന്നു.

18 ഓഗസ്റ്റ് 2004

അപ്പാപ്പന്റെ മരണം. അതു സംഭവിച്ചു കഴിഞ്ഞു. പത്തു ദിവസത്തിനു മുമ്പാണ് എന്നെ അപ്പാപ്പന്‍ കെട്ടിപ്പിടിച്ചത്. കവിളത്ത് പാതിജീവന്‍കൊണ്ട് ചുംബിച്ചത്.
തുമ്പി എന്ന കഥ ഞാന്‍ എഴുതി തീര്‍ന്നില്ല. അതിന്റയവസാനം നിശബ്ദ്മായൊരു കാലത്തിനു ശേഷം തുമ്പി വരുന്നുണ്ട്.
അപ്പൂപ്പന്റെ (അപ്പാപ്പന്റെ) കുഴിമാടത്തിനരുകില്‍.
വാര്‍ദ്ധക്യം പൂണ്ട ചിറകുകള്‍ കൊരുത്ത് അതു കരഞ്ഞു.
കുട്ടാ- ഇനിയെന്ത് ഞാനും പൊയ്ക്കോട്ടേ?
കുഴിയിലേയ്ക്കു വീണ കുന്തിരിക്കമണികള്‍ക്കിടയില്‍ ചിറകുകള്‍ പൊഴിച്ച് തുമ്പി അനാദിയുടെ പടുകുഴിയിലേക്ക് എടുത്തു ചാടി.
ഇങ്ങനെ കഥയവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. തുമ്പി ജനിച്ചില്ല. മരിച്ചുമില്ല. എന്റെ മനസ്സിന്റെ താളുകളില്‍ അത് എഴുതപ്പെട്ടു.
അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു. എനിക്കാ വലിയ മനസ്സിനോടു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.


ആറരമണിക്ക് കാസറഗോഡു നിന്നും പുറപ്പെട്ടു. പത്തുമണിയായി മണ്ഡപത്തെത്തിയപ്പോള്‍.
ചെന്നപാടെ അപ്പാപ്പനെ ഒന്നു നോക്കി.
പിന്നെ മുത്തലിന്റെ സമയത്തും.
മെജോച്ചായനും ബിജോച്ചായനും വിങ്ങിവിങ്ങി കരയുന്നതുകണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി.
എനിക്കു കരയാന്‍ പോലും അര്‍ഹതയില്ലല്ലോ. എല്ലാവരും എന്നെ അളവറ്റു സ്നേഹിച്ചു. അപ്പാപ്പനും. എനിക്കു സ്നേഹം തിരിച്ചു കൊടുക്കാനുള്ള അറിവില്ലായിരുന്നു.
ഒരു തരത്തില്‍ അത്തരമൊരു ദുഃഖം മാത്രമേ അപ്പാപ്പന്റെ മരണത്തോടെ എനിക്കു തോന്നിയുള്ളു.
പിന്നെയൊരുതരം ആശ്വാസമാണ്. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.
ചുംബിക്കാനുള്ള സമയമടുത്തപ്പോള്‍...
കുട്ടിക്കാലത്ത് അപ്പാപ്പന്റെ കൈകളില്‍ കിടന്നു നീന്തല്‍ പഠിക്കുകയായിരുന്നു.
അവധി ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞു കൈവെള്ളയില്‍ വച്ചുതരുന്ന അഞ്ചുരൂപയുടെയും പത്തുരൂപയുടെയും ലഹരിയിലായിരുന്നു.
ഞാന്‍ കരഞ്ഞില്ല.
ഞാന്‍ ചുംബിച്ചു.
പത്തു ദിവസത്തിനു മുമ്പ് പാതിബോധത്താല്‍ എനിക്കു തന്ന മുത്തത്തോടുള്ള കടപ്പാട് ഞാന്‍ അങ്ങനെയെങ്കിലും രേഖപ്പെടുത്തുകയായിരുന്നു.