Thursday, December 17, 2009

13 january 2004

ഞാ൯ ഏറെ അസ്വസ്ഥതപ്പെട്ടിരിക്കുന്നു. ഒരു കവിതയുടെ വിഷയം മനസ്സില്‍ വരുമ്പോള്‍ അതില്‍ മരണമുണ്ടാവും. കഴിഞ്ഞയാഴ്ച എഴുതിയപ്പോഴും ഇങ്ങനെയൊരു ദുരവസ്ഥ എന്നെ പിടികൂടിയിരുന്നു.
ഞാ൯ എഴുതി:

'ഉമ്മറവാതിലില്‍ തൂങ്ങിക്കിടക്കുന്നു
മരണം ഉമ്മവയ്ക്കുവാനായ് വരുന്ന-
താണുതാണു നിലത്തിഴഞ്ഞൊ-
ച്ചയില്ലാതെ വരുന്നു.'

ഇങ്ങനെയൊക്കെ പലതും എഴുതിപ്പോകുന്നു. സിന്ധുചേച്ചിയോട് ഞാ൯ കാര്യം തുറന്നു പറഞ്ഞു. ചേച്ചി ഒന്നു ചിരിച്ചു അത്രതന്നെ.

ചിലപ്പോള്‍ എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.

അതായിരിക്കട്ടെ സത്യം.
അതുമാത്രമായിരിക്കട്ടെ സത്യം.

Friday, December 4, 2009

19 june 2003

നേട്ടത്തിനുവേണ്ടി ഒന്നുംതന്നെ ഞാ൯ ചെയ്യുന്നില്ല. ഒരടിപോലും നടക്കുന്നില്ല. പ്രീതി പറഞ്ഞ പുസ്തകം നെപ്പോളിയ൯ ഹില്ലിന്റെ 'തിങ്ക് ആ൯ഡ് വി൯' വായിച്ചാലും ഞാ൯ രക്ഷപെട്ടേക്കില്ല. 'സോറി തിങ്ക്‌ ആന്‍ഡ് ഗ്രോ റിച്ച്'
വിജയം പണത്തിലേക്കുള്ള വള൪ച്ചയാണ്‌. ഒരുതരം ഗ്രോത്ത്‌.
അതിനവസാനം പണമാണ്‌.
നിറയെ പണം.
എവിടെയും പോകാം. ആരെയും കാണാം. എന്തും ചെയ്യാം.

ആധുനീക ലോകത്തിന്റെ വിചിത്രമല്ലാത്ത ഈ ചിന്താശേഷി എനിക്ക് ദഹിക്കുന്നില്ല.
വിജയത്തിന്റെ മറുവശം ചൂഷണമാണ്‌.

ഒരുവന്‌ ലോട്ടറിയടിക്കുമ്പോള്‍ പോലും അവ൯ ഒരുപാടുപേരെ ചൂഷണം ചെയ്യുന്നു. വളരുന്നവനും ആരെയൊക്കെയോ ചൂഷണം ചെയ്യുന്നു.

നീതീകരിക്കാനാവാത്ത അസമത്ത്വം വലിയൊരു മരമാണ്‌.
ആകശം മുട്ടെ ഒരെണ്ണം. മരത്തിന്റെ ഭാഷ:
'താഴെ ദാരിദ്ര്യവും
മുകളില്‍ സമ്പന്നതയും
ഇടയില്‍ ഞാനും'

'ദാസ് ക്യാപ്പിറ്റല്‍' വയിച്ചാലെന്തേ എന്നുവരെ ഞാ൯ ചിന്തിച്ചുപോകുന്നു.
ഇതുവരെ തുടങ്ങിയിട്ടില്ല.
മറ്റൊന്നുമല്ല. ഇത്ര നിസ്സാരമായ ഒരു മരത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും അങ്ങോ൪ എങ്ങനെ ഇത്ര വലിയൊരു പുസ്തകം എഴുതി എന്ന ആകാംഷ.